Skip to Content
കോഴ്‌സ് ഉള്ളടക്കം

ഇന്ത്യൻ ഭരണഘടനയുടെ സവിശേഷതകൾ-(Part-1)

ഇന്ത്യയുടെ ഭരണഘടന രാജ്യത്തിന്റെ അടിസ്ഥാന നിയമവും നമ്മുടെ ജനാധിപത്യ വ്യവസ്ഥയുടെ നട്ടെല്ലുമാണ്. ഭരണഘടന 1949 നവംബർ 26 ന് അംഗീകരിക്കപ്പെടുകയും 1950 ജനുവരി 26 ന് നടപ്പിലാക്കുകയും ചെയ്തു. ഇത് ഇന്ത്യൻ ജനതയുടെ അഭിലാഷങ്ങളെയും പോരാട്ടങ്ങളെയും മൂല്യങ്ങളെയും പ്രതിഫലിപ്പിക്കുന്നു. ഇന്ത്യൻ ഭരണഘടനയെ അതുല്യമാക്കുന്നത് അതിന്റെ ദൈർഘ്യം കൊണ്ടു മാത്രമല്ല, ഇന്ത്യയുടെ വിശാലമായ വൈവിധ്യത്തെ ഉൾക്കൊള്ളുന്നതിനൊപ്പം രാഷ്ട്രീയ ജനാധിപത്യത്തെ സാമൂഹിക നീതിയുമായി സംയോജിപ്പിക്കാനുള്ള കഴിവുകൊണ്ടുകൂടിയാണ്.

ഇന്ത്യൻ ഭരണഘടനയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകളിലൊന്ന് അത് എഴുതപ്പെട്ടതും വിശദവുമായ ഒരു ഭരണഘടനയാണ് എന്നതാണ്. ബ്രിട്ടീഷ് ഭരണഘടനയിൽ നിന്ന് വ്യത്യസ്തമായി, ഇന്ത്യൻ ഭരണഘടന ഭരണകൂടത്തിന്റെ ഘടന, വ്യത്യസ്ത ലെജിസ്ലേറ്റീവ്, ജ്യുഡീഷ്യൽ, എക്സിക്ക്യൂട്ടീവ് അധികാരങ്ങളും, പൗരന്മാരുടെ അവകാശങ്ങളും കടമകളും വ്യക്തമായി പ്രതിപാദിക്കുന്നു എന്നുള്ളതാണ്. വ്യത്യസ്ത ഭാഷകൾ, സംസ്കാരങ്ങൾ, സാമൂഹിക സാഹചര്യങ്ങൾ എന്നിങ്ങനെയുള്ള സങ്കീർണതകൾ നിലനിൽക്കുന്നതും  വൈവിധ്യപൂർണ്ണവുമായ ഒരു രാജ്യം ഭരിക്കുന്നതിന് ആവശ്യമായ സ്വഭാവ സവിശേഷതകളും ഉള്ള ഒന്നാണ് ഇന്ത്യൻ ഭരണഘടന.

മറ്റൊരു പ്രധാന സവിശേഷത ജനകീയ പരമാധികാരമാണ്. ഭരണഘടന അതിന്റെ അധികാരം ഇന്ത്യയിലെ ജനങ്ങളിൽ നിന്ന് നേടിയെടുക്കുകയും ഇന്ത്യയെ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്കായി വിഭാവനചെയ്യുകയും ചെയ്യുന്നു. ജനാധിപത്യ തത്വം ഉറപ്പാക്കുന്നത് സാർവത്രിക പ്രായപൂർത്തിയായ വോട്ടവകാശത്തിലൂടെയാണ്, ഇത് ഒരു നിശ്ചിത പ്രായത്തിന് മുകളിലുള്ള എല്ലാ പൗരന്മാരെയും ജാതി, മതം, ലിംഗഭേദം അല്ലെങ്കിൽ സമ്പത്ത് എന്നിവ പരിഗണിക്കാതെ രാഷ്ട്രീയ പ്രക്രിയയിൽ പങ്കെടുക്കാൻ പ്രാപ്തരാക്കുന്നു.

ഭരണഘടന ഒരു പാർലമെന്ററി രീതിയിലുള്ള ഗവൺമെന്റ് വ്യവസ്ഥ ചെയ്യുന്നു, അതായത് എക്സിക്യൂട്ടീവ് നിയമസഭയോട് ഉത്തരവാദിത്തമുള്ളതാണ്. ഈ സംവിധാനം കൂട്ടായ ഉത്തരവാദിത്തം ഉറപ്പാക്കുന്നു. അതേസമയം, ഐക്യവും പ്രാദേശിക സ്വയംഭരണവും സന്തുലിതമാക്കുന്ന ശക്തമായ കേന്ദ്ര ഗവൺമെന്റുള്ള ഒരു ഫെഡറൽ സംവിധാനമാണ് ഇന്ത്യ പിന്തുടരുന്നത്. കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഇടയിലുള്ള അധികാര വിഭജനം ദേശീയ അഖണ്ഡത സംരക്ഷിക്കുന്നതിനൊപ്പം സുഗമമായ ഭരണവും അനുവദിക്കുന്നു.

വ്യക്തി സ്വാതന്ത്ര്യവും തുല്യതയും ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ഉൾപ്പെടുത്തലാണ് ഇന്ത്യൻ ഭരണഘടനയുടെ ഒരു പ്രത്യേക സവിശേഷത. ഈ അവകാശങ്ങൾ പൗരന്മാരെ ഏകപക്ഷീയമായി ഭരണകൂടം അവകാശനിഷേധം നടത്തുന്നതിൽനിന്ന്  സംരക്ഷിക്കുകയും മനുഷ്യ അന്തസ്സ് ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നു. സാമൂഹികവും സാമ്പത്തികവുമായ നീതി സ്ഥാപിക്കാൻ ലക്ഷ്യമിടുന്ന രാഷ്ട്ര നയത്തിന്റെ പ്രകാശനമാണ് നിർദ്ദേശക തത്വങ്ങൾ. പൊതുജനക്ഷേമത്തിനായുള്ള നയങ്ങൾ രൂപീകരിക്കുന്നതിലേക്ക് നിർദ്ദേശക തത്വങ്ങൾ രാഷ്ട്രത്തെ നയിക്കുന്നു.

ഭരണഘടന പരമായി സ്ഥാപിക്കപ്പെട്ടിട്ടുള്ള ജുഡീഷ്യൽ റിവ്യു, ഭരണഘടനയുടെ മേൽക്കോയ്മ സംരക്ഷിക്കാൻ ജുഡീഷ്യറിയെ അധികാരപ്പെടുത്തുന്നു. ഭരണഘടനാ വ്യവസ്ഥകൾ ലംഘിക്കുകയാണെങ്കിൽ നിയമങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കാൻ കോടതികൾക്ക് കഴിയും. ഇത് നിയമവാഴ്ച ഉറപ്പാക്കുകയും അധികാര ദുരുപയോഗം തടയുകയും ചെയ്യുന്നു. കൂടാതെ, തിരഞ്ഞെടുപ്പ് കമ്മീഷൻ, കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ തുടങ്ങിയ സ്വതന്ത്ര ഭരണഘടനാ സ്ഥാപനങ്ങൾ ജനാധിപത്യ ഭരണത്തെ ശക്തിപ്പെടുത്തുന്നു.

ഭരണഘടനയുടെ അയവുള്ളതും അതേസമയം രാഷ്ട്രീയ താലപര്യങ്ങൾക്കനുസരിച്ച് അതിവേഗം വളക്കാൻ കഴിയാത്തതുമാണ്. ചില വ്യവസ്ഥകൾ എളുപ്പത്തിൽ ഭേദഗതി ചെയ്യാൻ കഴിയുമെങ്കിലും, മറ്റുള്ളവയ്ക്ക് പ്രത്യേക നടപടിക്രമങ്ങൾ ആവശ്യമാണ്. അടിസ്ഥാന തത്വങ്ങൾ നഷ്ടപ്പെടാതെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങളുമായി പൊരുത്തപ്പെടാൻ ഈ സന്തുലിതാവസ്ഥ ഭരണഘടനയെ അനുവദിക്കുന്നു.

ഇന്ത്യൻ ഭരണഘടനയുടെ പ്രത്യേകത അതിന്റെ സമഗ്ര സ്വഭാവം, ജനാധിപത്യ മനോഭാവം, സാമൂഹിക നീതിയോടുള്ള പ്രതിബദ്ധത, വൈവിധ്യത്തോടുള്ള ആദരവ് എന്നിവയിലാണ്. ഇത് കേവലം ഒരു നിയമ രേഖയല്ല, മറിച്ച് ഇന്ത്യയുടെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക വികസനത്തെ നയിക്കുന്ന ഒരു സജീവ ഉപാധിയാണ്.

റേറ്റിംഗ്
0 0

There are no comments for now.

to be the first to leave a comment.